Google blocks Sun Network

സെപ്റ്റംബര്‍ 27, 2008

Google safe browsing advisory warns about a potential malicious attack from Sun network webpages.

Is Sun Network aware of this ?

Advertisements

മാതൃക ലാവലിനല്ല, സ്മാര്‍ട്ട്സിറ്റിയാണ്

ഫെബ്രുവരി 12, 2007

മാതൃക ലാവലിനല്ല, സ്മാര്‍ട്ട്സിറ്റിയാണ്
സി.ആര്‍. നീലകണ്ഠന്‍

തൊട്ടടുത്ത ദിവസങ്ങളിലുണ്ടായ രണ്ട് പ്രസ്താവനകളും രണ്ട് പത്രറിപ്പോര്‍ട്ടുകളുമാണ് ഇതെഴുതാന്‍ പ്രേരണയായത്. കോഴിക്കോട് സര്‍വകലാശാലയിലെ ഇ.എം.എസ് ചെയര്‍ സംഘടിപ്പിച്ച സെമിനാര്‍ ഉദ്ഘാടനം ചെയ്തുകൊണ്ട് വരട്ടുതത്ത്വവാദികളും വികസനത്തിന്റെയും നാടിന്റെയും ശത്രുക്കളും ജനങ്ങളോട് ബാധ്യതയില്ലാത്തവരുമാണ് എ.ഡി.ബി വായ്പയെ എതിര്‍ക്കുന്നതെന്ന സി.പി.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്റെ പ്രസ്താവനയാണ് അതിലൊന്ന്. ജനങ്ങളോട് ഉത്തരവാദിത്തമുള്ളതുകൊണ്ടാണ് സി.പി.എം വായ്പ വാങ്ങാന്‍ തീരുമാനിച്ചത് എന്നദ്ദേഹം പറഞ്ഞു. (അങ്ങനെ തീരുമാനിച്ചുവോ? ഇതുവരെ ഇക്കാര്യം ആരും ഔദ്യോഗികമായി പറഞ്ഞിട്ടില്ല. സി.പി.എം അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി നടത്തിയ പത്രസമ്മേളനത്തില്‍ തന്നെ വായ്പാകാര്യം ചര്‍ച്ചചെയ്ത് തീരുമാനിക്കുമെന്നാണ് പറഞ്ഞത്). വികസന പ്രവര്‍ത്തനങ്ങള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ ഫണ്ട് നല്‍കുന്നില്ല. അതുകൊണ്ട് ജനദ്രോഹ വ്യവസ്ഥകള്‍ ഒഴിവാക്കി വായ്പയെടുക്കുന്നുവെന്നും നിബന്ധനകള്‍ക്ക് വിധേയമായി (ആരുടെ നിബന്ധനകള്‍ എന്നതിലേ തര്‍ക്കമുള്ളൂ) വിദേശവായ്പ സ്വീകരിക്കാമെന്ന് സി.പി.എം പതിനെട്ടാം പാര്‍ട്ടി കോണ്‍ഗ്രസ് തീരുമാനിച്ചതാണെന്നും പിണറായി വിജയന്‍ പറഞ്ഞിരിക്കുന്നു. സംസ്ഥാനം പാപ്പരായിക്കാണണമെന്ന് ആഗ്രഹിക്കുന്ന ചില സാംസ്കാരിക നായകരാണ് വായ്പയെ എതിര്‍ക്കുന്നതത്രെ! പാര്‍ട്ടിയുടെ ഇടപെടല്‍ വഴി ജനദ്രോഹ വ്യവസ്ഥകള്‍ ഒഴിവാക്കിയിട്ടുണ്ട്. പൊതുടാപ്പുകള്‍ക്കും ഖരമാലിന്യ സംസ്കരണത്തിനുമുള്ള യൂസേഴ്സ് ഫീ ചുമത്തുന്നില്ല. സി.പി.എമ്മിലെ ചില വ്യക്തികളുടെ താല്‍പര്യമനുസരിച്ചാണ് വായ്പയെടുക്കുന്നതെന്ന് വരുത്താനാണ് ചിലര്‍ ശ്രമിക്കുന്നത്. വായ്പ വേണ്ടെന്നുവെച്ചാല്‍ വികസനപ്രവര്‍ത്തനങ്ങളും നിര്‍ത്തിവെക്കേണ്ടിവരും^അദ്ദേഹം ന്യായീകരിച്ചതിങ്ങനെയാണ്.

പാര്‍ട്ടി സെക്രട്ടറിക്ക് പിന്തുണയുമായി പിറ്റേന്ന് (ഫെബ്രു. 7) പാര്‍ട്ടി പത്രം രംഗത്തുവന്നത് സ്വാഭാവികം. പൊതുടാപ്പുകള്‍ക്ക് മീറ്റര്‍ വെക്കണമെന്ന എ.ഡി.ബി നിര്‍ദേശം നഗരസഭകള്‍ക്ക് ഗുണകരമാണെന്ന് സമര്‍ഥിക്കുന്നതാണ് വാര്‍ത്ത. പല പൊതുടാപ്പുകളിലും വെള്ളം ഒഴുകുന്നില്ലെന്നും അവക്കും നഗരസഭ പ്രതിമാസം 1750 രൂപ വാട്ടര്‍ അതോറിറ്റിക്ക് നല്‍കുന്നുണ്ടെന്നും മീറ്റര്‍ ഘടിപ്പിച്ചാല്‍ അതൊഴിവാക്കാമെന്നുമാണ് വാദം. കൊച്ചി നഗരസഭയുടെ ഉദാഹരണമാണ് നല്‍കിയിരിക്കുന്നത്. മറ്റ് നഗരസഭകള്‍ക്കും ഇതു ബാധകമാണെന്നും പറയുന്നു. നഗരത്തിലെ 6257 പൊതുടാപ്പുകളില്‍ പാതിയിലേറെ വരുന്ന (3155) ടാപ്പുകള്‍ പശ്ചിമ കൊച്ചിയിലാണ്. ഇതില്‍ വല്ലപ്പോഴുമേ വെള്ളം വരൂ. എങ്കിലും ഇവക്കും പണം നല്‍കുന്നു. ഇവയ്ക്ക് മീറ്റര്‍ വെച്ചാല്‍ ഇത്തരത്തില്‍ പ്രതിമാസം അടക്കുന്ന 55 ലക്ഷത്തില്‍പരം രൂപ ‘ലാഭി’ക്കാം. ഒറ്റനോട്ടത്തില്‍ ഇത് ശരിയാണെന്ന് തോന്നാം. എന്നാല്‍ അല്‍പം സൂക്ഷ്മമായി പരിശോധിക്കുക. കുടിവെള്ള മേഖലയുടെ വികസനത്തിന് നൂറുകോടി രൂപയിലധികം മുടക്കുമ്പോഴും പശ്ചിമ കൊച്ചിയിലെ 3155 പൊതുടാപ്പുകളില്‍ (വീട്ടുകണക്ഷനുകളിലും) ഒരു തുള്ളിവെള്ളംപോലും അധികം ഒഴുകില്ലെന്നുതന്നെയാണ് പാര്‍ട്ടി പത്രം പറയുന്നത്. അങ്ങനെയെങ്കില്‍ ഇത്തരമൊരു പദ്ധതികൊണ്ട് കുടിവെള്ളക്ഷാമം കൊണ്ട് പൊറുതിമുട്ടിയ ജനങ്ങള്‍ക്കെന്തു പ്രയോജനം? ഇതിനെ വികസനമെന്നു വിളിക്കാനാവുമോ? പ്രതിമാസം 55 ലക്ഷം രൂപ ലാഭിക്കുമെന്നതിനര്‍ഥം ഇതിലൂടെ വെള്ളം ഒഴുകില്ലെന്നാണ്(ഒഴുകുമെങ്കില്‍ അതിന്റെ വില കുറയുമല്ലോ). ജനങ്ങള്‍ക്ക് കുടിവെള്ളം നല്‍കാതെ ‘ലാഭം’ ഉണ്ടാക്കുന്നതിനെ എന്താണ് വിളിക്കുക?

സേവന മേഖലകളില്‍നിന്നു സര്‍ക്കാര്‍ പിന്മാറുകയും അതുവഴി ‘അനാവശ്യ ചെലവുകള്‍’ കുറയ്ക്കുകയും ചെയ്യുന്നതിനാണ് ആഗോളീകരണ അജണ്ടയായ ‘ഘടനാപരമായ പരിഷ്കരണം അഥവാ മേഖലാ പരിഷ്കാരങ്ങള്‍’ എന്നുവിളിക്കുന്നത്. സി.പി.എം 18ാം പാര്‍ട്ടി കോണ്‍ഗ്രസ് രേഖ പറയുന്ന ഒരു പ്രധാന വ്യവസ്ഥ, മേഖലാ പരിഷ്കരണങ്ങളുള്ള ഒരു വായ്പയും സ്വീകരിക്കരുതെന്നാണ്. ഇതോടൊപ്പം മറ്റുപല ചോദ്യങ്ങളുമുണ്ട്. ധാരാളം വെള്ളം നിരവധി കുടുംബങ്ങള്‍ ഉപയോഗിക്കുന്ന പൊതുടാപ്പുകള്‍ക്കെന്തു സംഭവിക്കും? പ്രതിമാസം 1750 രൂപയുടെ വെള്ളം നല്‍കിക്കഴിഞ്ഞാല്‍ വാട്ടര്‍ അതോറിറ്റി ടാപ്പ് അടയ്ക്കും. നഗരസഭകള്‍ പുതിയ സേവനചെലവുകള്‍ സൃഷ്ടിക്കരുതെന്ന വ്യവസ്ഥവെച്ചുകൊണ്ട് ആ ടാപ്പില്‍ പിന്നെ വെള്ളം വരില്ല. വെള്ളത്തിന്റെ നിരക്ക് കൂട്ടിയാല്‍ അതിലൂടെ വരുന്ന വെള്ളത്തിന്റെ അളവ് പിന്നെയും കുറയും. സാമ്പത്തിക നിബന്ധനകളുള്ള വായ്പകള്‍ വാങ്ങരുതെന്നും പാര്‍ട്ടി രേഖ പറയുന്നുണ്ട്. പല പ്രാവശ്യം ചോദിച്ചിട്ടും ഉത്തരം കിട്ടാത്ത ഒരു ചോദ്യം ആവര്‍ത്തിക്കട്ടെ. ഇന്നുള്ളതിലധികം പുതുതായി ഒരു പൊതുടാപ്പ് ഇനിമേല്‍ നഗരസഭകള്‍ക്ക് സ്ഥാപിക്കാനാവുമോ? ഇല്ല.

പാര്‍ട്ടി പത്രത്തിലെ ഈ വാര്‍ത്തയുടെ മറ്റൊരിടത്ത് പറയുന്ന കാര്യം വിചിത്രമാണ്. ഇന്നുവരെ ധനമന്ത്രിയോ തദ്ദേശ മന്ത്രിയോ പറയാത്ത കാര്യമാണ്. 2006 ജൂണ്‍ 19ന് നടന്ന ഏതോ ഒരു യോഗത്തില്‍ ഒട്ടനവധി വിശദീകരണങ്ങളും ഉറപ്പുകളും കിട്ടിയെന്നതാണത്. 2005 നവംബറില്‍ (യു.ഡി.എഫ് കാലം) തയാറാക്കിയ കരാറിലും അതിനടിസ്ഥാനമായ ആര്‍.ആര്‍.പിയിലും എന്തെങ്കിലും മാറ്റം ഈ യോഗത്തില്‍വെച്ചുണ്ടായെന്ന് പറയാനാകുമോ? ഇല്ല. കാരണം 2006 ഡിസംബര്‍ എട്ടിന് ഒപ്പുവെച്ച കരാറും പഴയ കരാറും തമ്മില്‍ ഒരു വ്യത്യാസവുമില്ല. 2006 ജൂണില്‍ വ്യവസ്ഥകള്‍ മാറ്റിയെങ്കില്‍ ഒപ്പിട്ട കരാറില്‍ അതുകാണേണ്ടതല്ലേ? എ.ഡി.ബി ഡയറക്ടര്‍ബോര്‍ഡ് തീരുമാനത്തിന് (ആര്‍.ആര്‍.പി) വിരുദ്ധമായി ഇത്തരം ‘ഉറപ്പുകള്‍’ നല്‍കാന്‍ ആര്‍ക്കാണ് കഴിയുക? വിദേശ കണ്‍സള്‍ട്ടന്‍സി, പെരുപ്പിച്ച എസ്റ്റിമേറ്റുകള്‍, ഒരു ഉപപദ്ധതിപോലും മാറ്റാന്‍ നഗരസഭാ കൌണ്‍സിലിനു കഴിയാത്ത അവസ്ഥ (അധികാര വികേന്ദ്രീകരണം ഗംഭീരം!) തുടങ്ങിയ പ്രശ്നങ്ങള്‍ പലപ്രാവശ്യം ഉന്നയിച്ചതാണ്.

‘സാമ്പത്തിക തീരുമാനങ്ങളെടുക്കാനുള്ള അധികാരം’ അടിയറ വെക്കുന്ന ഒരു വിദേശ വായ്പയും സ്വീകരിക്കരുതെന്നും പാര്‍ട്ടി കോണ്‍ഗ്രസ് രേഖ പറയുന്നു. അപ്പോള്‍ ഇതോ? ഇത്തരം വായ്പകള്‍ വാങ്ങുമ്പോള്‍ ജനങ്ങളെ വിശ്വാസത്തിലെടുക്കണമെന്നതാണ് പാര്‍ട്ടിയുടെ മറ്റൊരു നിലപാട്. ഇവിടെ മുഖ്യമന്ത്രി, മന്ത്രിസഭ, നിയമസഭ, എല്‍.ഡി.എഫ് സമിതി തുടങ്ങിയവര്‍ക്കും പ്ലാനിംഗ് ബോര്‍ഡ് ഉപാധ്യക്ഷനുപോലും യോജിപ്പില്ലാത്തതോ അറിവില്ലാത്തതോ ആയ വായ്പയാണിത്! എ.ഡി.ബി വായ്പക്കെതിരായി ഡി.വൈ.എഫ്.ഐ കുട്ടികള്‍ കൊച്ചിയില്‍ നടത്തിയ സിറ്റിബാങ്ക് മാര്‍ച്ചില്‍ ക്രൂരമായ പോലിസ് മര്‍ദനമേറ്റ സേതുരാജ് (ഇപ്പോള്‍ കൈരളി ടി.വി) അടക്കം നിരവധിപേരുടെ പേരിലുള്ള ക്രിമിനല്‍ കേസുകള്‍ ഇപ്പോഴും നിലനില്‍ക്കുന്നു!

ഈയടിസ്ഥാനത്തില്‍ സെക്രട്ടറിയുടെ പ്രസ്താവനയെ വിലയിരുത്തേണ്ടതുണ്ട്. അതിനുമുമ്പ് മറ്റൊരു വാര്‍ത്തകൂടി പരിശോധിക്കാം. സ്മാര്‍ട്ട്സിറ്റി കരാര്‍ അന്തിമഘട്ടത്തിലെത്തിയെന്നതാണ് വാര്‍ത്ത. യു.ഡി.എഫ് കാലത്തെ കരാറും ഇപ്പോഴത്തെ കരാറും തമ്മില്‍ ആനയും ആടും തമ്മിലുള്ള വ്യത്യാസമുണ്ട്. ഇന്‍ഫോപാര്‍ക്കും അനുബന്ധമായുള്ള 62 ഏക്കറും വിട്ടുകൊടുക്കില്ല, ബാക്കി 246 ഏക്കര്‍ (അന്ന് 236 ഏക്കര്‍) സ്ഥലത്തിന് 36 കോടി രൂപയെന്നത് ഇപ്പോള്‍ 104 കോടി രൂപയായി, തൊഴില്‍ 20,000 (കരാറില്‍ ഇതായിരുന്നു) എന്നത് 90,000 ആയി, ഇത്തരത്തില്‍ മറ്റൊരു സ്ഥാപനം പാടില്ലെന്ന വ്യവസ്ഥ മാറി, ഭൂമിയുടെ 70 ശതമാനം ഐ.ടി വ്യവസായത്തിനുമാത്രം എന്നായി. സര്‍ക്കാറിന്റെ ഓഹരി പങ്കാളിത്തം ഒമ്പത് ശതമാനം (ഡയറക്ടര്‍ ബോര്‍ഡില്‍ അംഗത്വം പോലുമില്ല) എന്നത് തുടക്കത്തില്‍ 16 ശതമാനം (ബോര്‍ഡംഗത്വം), പിന്നീട് 26 ശതമാനം (ആസ്തികള്‍ വില്‍ക്കുന്നതില്‍ നിയന്ത്രണം) എന്നാക്കി… ഇങ്ങനെ പലതും.

സ്മാര്‍ട്ട്സിറ്റി പദ്ധതി ആദ്യം പ്രഖ്യാപിക്കപ്പെട്ടപ്പോള്‍ ഈ ലേഖകനടക്കം പലരും ഉന്നയിച്ച പ്രശ്നങ്ങള്‍ ഏറ്റെടുത്ത് അന്നത്തെ പ്രതിപക്ഷനേതാവ് വി.എസ്. അച്യുതാനന്ദന്‍ രംഗത്തുവന്നപ്പോള്‍ ഉമ്മന്‍ചാണ്ടിയും കൂട്ടരും അദ്ദേഹത്തിനെതിരെ ഉപയോഗിച്ച വാക്കുകള്‍ ഇവിടെ വീണ്ടും കേള്‍ക്കുന്നു. വികസനശത്രു എന്നതാണതില്‍ പ്രധാനം. മുഖ്യമന്ത്രിയായ ശേഷവും വി.എസ് നിലപാടില്‍ ഉറച്ചുനിന്നു. അപ്പോള്‍ പാര്‍ട്ടിക്കകത്തും പുറത്തുംനിന്ന് ഒളിഞ്ഞും തെളിഞ്ഞും ‘വരട്ടുതത്ത്വവാദി, പ്രത്യയശാസ്ത്രാടിമത്തമുള്ളയാള്‍’, എന്നൊക്കെ വിളിച്ചാക്ഷേപിച്ചു. പിണറായി വിജയന്റെ കോഴിക്കോട് പ്രസ്താവനയിലെ പദപ്രയോഗങ്ങള്‍, സ്മാര്‍ട്ട്സിറ്റി ചര്‍ച്ചക്കാലത്ത് യു.ഡി.എഫുകാര്‍ വി.എസിനെതിരെ പ്രയോഗിച്ചതാണ് എന്ന് ചുരുക്കം. ‘പത്തുപേര്‍ക്ക് പണി കിട്ടുന്ന പദ്ധതിയെ എതിര്‍ക്കുന്നവര്‍ നാടിന്റെ ശത്രുക്കളാണ്’ എന്ന വിമര്‍ശം പ്രത്യേകം ഓര്‍ക്കാം. എ.ഡി.ബി കരാറിലെ ജനവിരുദ്ധവ്യവസ്ഥകള്‍ മാറ്റണമെന്ന് പറയുമ്പോള്‍ പിണറായി വിജയന്‍ പറയുന്നതും ഇതാണ്.

ഒരു വിദേശസ്ഥാപനവുമായി കരാറില്‍ ഏര്‍പ്പെടുമ്പോള്‍ അതീവശ്രദ്ധയോടെ തത്ത്വാധിഷ്ഠിതവും ജനപക്ഷത്തുനിന്നുള്ളതുമായ നിലപാടില്‍ ഉറച്ചുനിന്നാല്‍ (അതിനായി വരട്ടുതത്ത്വവാദിയെന്ന വിമര്‍ശം കേട്ടാലും പ്രശ്നമല്ല) നാടിന് ഗുണമുണ്ടാകുമെന്നാണ് സ്മാര്‍ട്ട് സിറ്റി അനുഭവം വ്യക്തമാക്കുന്നത്. സംസ്ഥാനം പാപ്പരായികാണണമെന്ന് ആഗ്രഹിക്കാത്തവരാണ് തത്ത്വാധിഷ്ഠിത നിലപാടെടുക്കുന്നത്. മറിച്ച് എസ്.എന്‍.സി ലാവലിന്റേതുപോലുള്ള കരാറുകളാണ് നാടിനെ പാപ്പരാക്കുന്നതിനു വഴിവെക്കുന്നത്. അശ്രദ്ധമായോ (അതോ അഴിമതിക്കായുള്ള ശ്രദ്ധയോടെയോ) കരാറുകളില്‍ ഒപ്പിട്ടാല്‍ അതിന് ദൂരവ്യാപകമായ തിക്തഫലങ്ങള്‍ ഉണ്ടാകുമെന്ന് ലാവലിന്‍ അനുഭവം ബോധ്യപ്പെടുത്തുന്നു.

ഈ ഘട്ടത്തിലാണ് ധനമന്ത്രി തോമസ് ഐസക് കൊച്ചിയില്‍ നടത്തിയ പ്രസ്താവന പ്രസക്തമാകുന്നത്. എ.ഡി.ബി കരാര്‍ സ്മാര്‍ട്ട്സിറ്റി കരാര്‍ പോലെയാണ് എന്നാണദ്ദേഹം പറഞ്ഞത്. അതൊരല്‍പം മാറ്റി പറയണം. ‘എ.ഡി.ബി കരാര്‍ സ്മാര്‍ട്ട്സിറ്റി കരാര്‍പോലെയാകണം’… ഒപ്പം… ‘ലാവലിന്‍ കരാര്‍ പോലെയാകരുത്’ എന്നും. യു.ഡി.എഫ് ഭരണകാലത്ത് തയാറാക്കിയ ധാരണാപത്രം അതുപോലെ(?) കരാറാക്കിയതു വഴിയാണല്ലോ എല്‍.ഡി.എഫ് ലാവലിനില്‍ കുരുങ്ങിയത്. അതുപാടില്ല. യു.ഡി.എഫ് തയാറാക്കിയ എ.ഡി.ബി കരാര്‍ അതുപോലെ ഒപ്പിട്ടുനടപ്പാക്കാനല്ല ജനങ്ങള്‍ എല്‍.ഡി.എഫിനെ വിജയിപ്പിച്ചത്. സ്മാര്‍ട്ട്സിറ്റി കാര്യത്തില്‍ ദുബൈ കമ്പനി വിരട്ടിയപ്പോള്‍ ‘ഞങ്ങള്‍ പറയുന്ന വ്യവസ്ഥവെച്ചുകൊണ്ട് ഇവിടെ വരാന്‍ അഞ്ച് കമ്പനികള്‍ തയാറാണ്….’ എന്നുപറഞ്ഞുകൊണ്ടാണ് വി.എസ് തിരിച്ചടിച്ചത്. ഇവിടെയും അത് സാധ്യമാണ്. അതിനാദ്യമായി വേണ്ടത് ‘വായ്പ നല്‍കുകയെന്നത് അവരുടെ ആവശ്യമാണ്’ എന്ന് തിരിച്ചറിയുകയാണ്. (സ്മാര്‍ട്ട്സിറ്റി പോലെ). മറിച്ച് നമ്മുടെ ‘വികസനാവശ്യം’ ആണെന്ന് നാം തന്നെ വിശ്വസിച്ചാല്‍ കാര്യം കുഴപ്പമാണ്. നേരായി ചിന്തിച്ചാല്‍ നമ്മുടെ മുമ്പില്‍ മറ്റനവധി വഴികള്‍ തെളിയും. ഗള്‍ഫില്‍ പണിയെടുക്കുന്ന മലയാളികളുടെ പ്രതിനിധികള്‍ മുഖ്യമന്ത്രിക്ക് ഒരു കത്ത് നല്‍കിയല്ലോ. മടക്കിക്കൊടുക്കുമെന്നും ജനക്ഷേമത്തിനുവേണ്ടി വിനിയോഗിക്കുമെന്നതുമൊഴിച്ച് മറ്റൊരു വ്യവസ്ഥകളുമില്ലാതെ ആയിരം കോടി രൂപ വായ്പ പിരിച്ചുനല്‍കാന്‍ തങ്ങള്‍ തയാറാണെന്നാണവര്‍ പറഞ്ഞത്. സാമ്രാജ്യത്വത്തോടെതിരിടാന്‍ നിവര്‍ന്നുനില്‍ക്കുമെന്ന ഉറപ്പിലാണ് ജനങ്ങള്‍ ഇടതുപക്ഷത്തിന് പിന്തുണ നല്‍കിയത്. ജനപിന്തുണയോടെ മാത്രമേ ഇത് ചെയ്യാനാകൂ. ഇടതുപക്ഷം ഇത് ചെയ്യുമെന്നാണ് ജനങ്ങള്‍ പ്രതീക്ഷിക്കുന്നത്. നമ്മുടെ മാതൃക എസ്.എന്‍.സി ലാവലിനല്ല, സ്മാര്‍ട്ട്സിറ്റിയാണ്.

മാധ്യമം ഓണ്‍ലൈന്‍ പത്രത്തില്‍ നിന്നും.

“അണ്ണാ, വായ്​പ വേണ്ടെങ്കി അലി പറഞ്ഞതു് പോലെ തൊറന്നു് പറഞ്ഞൂടേ”


കോള കുടിച്ചാല്‍ എല്ലു ദ്രവിക്കും: അമേരിക്കന്‍ പഠനം

ഒക്ടോബര്‍ 8, 2006

കോള കുടിച്ചാല്‍ എല്ലു ദ്രവിക്കും: അമേരിക്കന്‍ പഠനം
ദേശാഭിമാനി ദില്ലി ബ്യൂറോ
ദില്ലി: കോള കുടിക്കുന്ന സ്ത്രീകളുടെ എല്ലു ദ്രവിച്ചുപോകുമെന്ന് പഠനറിപ്പോര്‍ട്ട്. സ്ഥിരമായി കോള ഉപയോഗിക്കുന്ന 2500 അമേരിക്കന്‍ സ്ത്രീകളില്‍ നടത്തിയ പഠനത്തിലാണ് എല്ലിലെ കാല്‍സ്യം കുറയുന്ന പ്രവണത കണ്ടെത്തിയത്. എല്ലിലെ ധാതുക്കള്‍ കുറഞ്ഞ് ഓസ്റ്റിയോപോറോസിസ് പോലുള്ള രോഗങ്ങള്‍ കോളകുടിക്കുന്നവരില്‍ വ്യാപകമാവുമെന്നും പഠനം മുന്നറിയിപ്പ് നല്‍കുന്നു. കോളയിലെ ഫോസ്ഫോറിക് ആസിഡാണ് ഈ അപകടത്തിന് കാരണം.

അമേരിക്കയിലെ ബോസ്റ്റണിലെ ടഫ്റ്റ്സ് യൂണിവേഴ്സിറ്റിയിലെ എപിഡെമിറ്റോളജി ആന്റ് ഡയറ്ററി അസസ്മെന്റ് പ്രോഗ്രാം ഡയറക്ടര്‍ കാതറിന്‍ ടക്കറിന്റെ നേതൃത്വത്തില്‍ നടന്ന പഠനത്തിലാണ് ഈ വിവരങ്ങളുള്ളത്. അമേരിക്കന്‍ ജേണല്‍ ഓഫ് ക്ലിനിക്കല്‍ ന്യൂട്രീഷന്‍ എന്ന മാഗസിന്റെ പുതിയ ലക്കം പഠനത്തിന്റെ വിശദാംശങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

‘കൂടുതലായി കോള കുടിക്കുന്ന സ്ത്രീകളുടെ എല്ലിലെ ധാതുക്കള്‍ കുറഞ്ഞുവരും. വല്ലപ്പോഴും കോള കുടിക്കുന്നവരുടെ എല്ലിന് ബലക്ഷയമുണ്ടാവുന്നത് തെളിയിക്കാനായിട്ടില്ല. ഓസ്റ്റിയോപോറോസിസില്‍നിന്ന് അകന്നു നില്‍ക്കണമെന്നാഗ്രഹിക്കുന്നവര്‍ കോള കുടിക്കുന്നത് ഒഴിവാക്കുകയാണ് ഉചിതം’- കാതറിന്‍ ടക്കര്‍ റിപ്പോര്‍ടില്‍ പറയുന്നു.

എല്ലിന്റെ കോശങ്ങള്‍ മെലിയുകയും എല്ലില്‍ ദ്വാരങ്ങള്‍ വീഴുകയും ചെയ്യുന്ന അവസ്ഥയാണ് ഓസ്റ്റിയോപോറോസിസ്. കടുത്ത വേദനയ്ക്ക് ഇടയാക്കുന്ന ഈ രോഗം മൂര്‍ഛിക്കുന്നത് എല്ലുപൊട്ടാന്‍ വരെ ഇടയാക്കും. എല്ലിലെ കാല്‍സ്യത്തിന്റെ അഭാവംമൂലം സ്ത്രീകളുടെ ഇടുപ്പെല്ലിനാണ് കാര്യമായ ബലക്ഷയമുണ്ടാവുന്നത്. ഇക്കാരണത്താലാണ് സ്ത്രീകളില്‍ മാത്രമായി പഠനം നടത്തിയത്. കോള കൂടുതലായി ഉപയോഗിക്കുന്നവര്‍ ഇത്തരം ഭക്ഷ്യവസ്തുക്കള്‍ കഴിക്കാന്‍ വിമുഖത കാട്ടുകയുംചെയ്യുന്നു.

അമേരിക്കയിലെ പുരുഷന്മാര്‍ ആഴ്ചയില്‍ ശരാശരി അഞ്ചും സ്ത്രീകള്‍ നാലും കുപ്പി കോള കുടിക്കുന്നവരാണ്. പഠനത്തിന് വിധേയരായവരിലേറെയും അറുപതു വയസ്സിന് താഴെയുള്ളവരാണ്. കോളയല്ലാത്ത മറ്റ് കാര്‍ബണേറ്റഡ് പാനീയങ്ങള്‍ കുടിക്കുന്നവരില്‍ എല്ലിന്റെ ബലക്ഷയം കണ്ടെത്താനായിട്ടില്ല. കോളയില്‍ മാത്രമാണ് ഫോസ്ഫോറിക് ആസിഡ് ഉള്ളത്. ഇതുതന്നെയാണ് എല്ലിന്റെ കാല്‍സ്യം കുറയ്ക്കാന്‍ ഇടവരുത്തുന്നതെന്ന് പഠനത്തില്‍ പറയുന്നു. ഭക്ഷണത്തിലെ കാല്‍സ്യത്തിന്റെ അഭാവവും ഫോസ്ഫറസിന്റെ ആധിക്യവും എല്ലിന്റെ ബലക്ഷയത്തിന് കാരണമാവുന്ന ഘടകങ്ങളാണ്.

“ഇപ്പോഴെന്താണാവോ ഒരു അമേരിക്കന്‍ പ്രേമം”


Technorati Tags: , , , ,


വരൂ മലയാളം ചാനലുകളെ കീറിമുറിക്കാം

ഓഗസ്റ്റ് 20, 2006

വരൂ നമുക്ക് മലയാളം വാര്‍ത്താമാദ്ധ്യമങ്ങളെ കീറിമുറിക്കാം..